
സൗത്ത് ആഫ്രിക്ക രണ്ടാമത്
ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ട് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി സൗത്ത് ആഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 233 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 47-ാം ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. 5 മത്സരങ്ങളില്‍ നിന്നും 8 പോയിന്റ് നേടിക്കൊണ്ടാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ രണ്ടാമതെത്തിയത്. ഇത്രയും പോയിന്റ് തന്നെയാണ് മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനുമുള്ളതെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് ആഫ്രിക്ക രണ്ടാമതെത്തിയത്. പവര്‍ ഹിറ്റിങ്ങുമായി ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റര്‍മാര്‍ തന്നെയാണ് സൗത്ത് ആഫ്രിക്കയുടെ ശക്തി.
5 മത്സരങ്ങള്‍, 3 സെഞ്ച്വറി
2023 ക്രിക്കറ്റ് ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക നടത്തുന്ന മികച്ച പ്രകടനത്തിന് ഏറ്റവും കൂടുതല്‍ കരുത്ത് പകരുന്നത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനമാണ്. ആകെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി മൂന്ന് മത്സരങ്ങളിലും സെഞ്ച്വറി നേടിക്കൊണ്ട് ഡി കോക്ക് ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയും നില്‍ക്കുന്നു. 81.40 ബാറ്റിംഗ് ആവറേജില്‍ 407 റണ്‍സാണ് ഡി കോക്ക് ലോകകപ്പില്‍ നേടിയിട്ടുള്ളത്. 5 മത്സരങ്ങളില്‍ നിന്നും 354 റണ്‍സുമായി ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് പട്ടികയില്‍ രണ്ടാമത്. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഫോം ഡി കോക്ക് തുടര്‍ന്നാല്‍ ക്രിക്കറ്റ് ലോകകപ്പിലെ പല റെക്കോര്‍ഡുകളും അയാള്‍ക്ക് തകര്‍ക്കാന്‍ സാധിക്കും. ഡി കോക്ക് ടൂര്‍ണ്ണമെന്റില്‍ നിലനിര്‍ത്തുന്ന ഫോമിനെ ആശ്രയിച്ചിരിക്കും സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍. ഈ ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ ഡി കോക്ക് പ്രഖ്യാപിച്ചിരുന്നു.